Category: poem-malayalam     |    Tags: malayalam  

വീട് - ഒ എൻ വി

ഇവിടെയുമെനിക്കൊരു വീടുണ്ട്‌- കുന്നിന്റെ
നിറുകയിൽ, ചുറ്റിലും പച്ചത്തഴപ്പിന്റെ
തിരകളിളകിയാർക്കുന്നു കടൽപോൽ-കാലമാ
തിരതഴുകിയെത്തുന്നു പുലരിയാ,യുച്ചയായ്‌,
കതിരുകൾ ചമതപോലെരിയുന്ന സന്ധ്യയായ്‌
മിഴികളിൽ ചേക്കേറിടുമിരുൾപ്പക്ഷിയായ്‌
ഇവിടെയീ വീടിന്റെയിറയത്തിരുന്നു ഞാൻ
എവിടെയോ തീകത്തിയാളുന്നതറിയുന്നു
ചൂഴുന്ന പച്ചത്തഴപ്പിൻ ഞൊറികളിൽ
ചൂളമടിക്കും ചുടുകാറ്റിഴയുന്നു
എവിടെയുമെനിക്കൊരു വീടുണ്ട്‌
കുരിശിലൊരു കാപ്പിരിക്രിസ്തു മരിച്ചുയിർ
ത്തെഴുന്നേൽക്കുമിരുളാണ്ട ഭൂഖണ്ഡസീമയിൽ
പാതിരാസൂര്യന്റെ നാടുകളിൽ മർത്യന്റെ
ജാതകം മാറ്റികുറിക്കുമിടങ്ങളിൽ
മഞ്ഞൂരുകി മന്ദാകിനികളാകും ദിക്കിൽ
നെഞ്ഞുരുകിയടിമകൾ മടയ്ക്കും തടങ്ങളിൽ
ഉഴുതിട്ട മണ്ണിൽ നവധാന്യം വിതച്ചു വേർ-
പ്പുതിരുവോർ കതിർകൊയ്തു പാടും നിലങ്ങളിൽ
ആകാശചുംബികളി, ലഴുക്കിന്റെ ചേരിക-
ളധോലോകവും ചേർന്നതാം മഹാനഗരികളിൽ
അദ്രിമകുടങ്ങളിൽ സമുദ്രത്തിലെ ദ്വീപ-
വൃത്തളിൽ ദേശദേശാന്തരങ്ങളിൽ
എവിടെയുമെനിക്കൊരു വീടുണ്ട്‌- ഞാനുമു-
ണ്ടെഴുതി മുഴുമിക്കാതെന്റെ കവിതയും, കാണുവാ-
നുഴറുന്ന നല്ല മനുഷ്യരും അവരൊത്തു
നുകരാൻ കൊതിക്കുന്ന വാഴ്‌വിന്റെ ലഹരിയും
പകയറ്റ നോട്ടവും പതിരറ്റ മൊഴികളു-
മധികമാം കരുതലും കരുണയും കൂടിപ്പാർക്കു-
മൊരു വീടെനിക്കുണ്ടതിൻ കൊച്ചുതിണ്ണമേൽ
വെറുതേയിരുന്നു ഞാൻ പാടുന്നു- വിഹ്വല
നിമിഷങ്ങളേ നിങ്ങളീ വീടൊഴിയുക
നിറവാർന്ന കേവലാഹ്ലാദമേ പോരിക

Related Posts

കാക്ക കുളിച്ചാൽ കൊക്കാകുമോ - സച്ചിദാനന്ദൻ
ഓര്‍ക്കുക - ബാലചന്ദ്രന്‍ ചുള്ളിക്കാട്
മനോഹരം മഹാവനം - കടമ്മനിട്ട
കാഴ്ച പിരിയും നേരത്തിനപ്പുറം - അമയ
നാറാണത്തു ഭ്രാന്തന്‍ - വി.മധുസൂദനന്‍ നായര്‍
© 2019 - 2024 · Home · Theme Simpleness Powered by Hugo ·