|    Tags: malayalam  

സത്രത്തിലെ അവസാന രാത്രി - ശാന്തി ജയറാം

നിന്‍ ചുടുനിശ്വാസമെന്‍ ചില്ലയില്‍
വന്നുതൂങ്ങുന്ന രാവുകള്‍ക്കപ്പുറം
അന്തമില്ലാതെ നീളുന്ന പാതയില്‍
പണ്ടൊരിക്കല്‍ നാം കണ്ടിരുന്നില്ലയോ
വിധുരനായൊരീ രാത്രിയെപ്പിന്നെയും
കരിപുരട്ടുന്ന പേടിസ്വപ്നങ്ങലില്‍
പരതിനോക്കുന്നു നമ്മള്‍ തന്‍ കൈവിരല്‍
പഴയകാലത്തെയൊന്നു തൊട്ടീടുവാന്‍

മര്‍ത്യബന്ധങ്ങളെന്‍ രാസശാലയില്‍
മൃ‌ത്യുവോളം പുകഞ്ഞുതീരുമ്പൊഴും
ശൂന്യമേതോ ശവക്കോട്ടപോലതില്‍
ധൂമശില്പങ്ങള്‍ മാഞ്ഞുപോകുമ്പൊഴും
ഒട്ടുനേരമീ സത്രത്തില്‍ നിന്നുടന്‍
വിട്ടുപോകാന്‍ മടിച്ചിരിക്കുന്നു ഞാന്‍
കെട്ടുപോകും നിമിഷങ്ങളില്‍ സ്വയം
നഷ്ടമാകാന്‍ കൊതിച്ചുപോകുന്നു ഞാന്‍

പോയകാലമേ നിന്‍ വിഴുപ്പേന്തുവാന്‍
ലോകവീഥിയിലേകയാകുമ്പൊഴും
പ്രേമശര്‍ക്കരപ്പാനിയില്‍ വീണൊരീ
പ്രേതരൂപങ്ങള്‍ നൃ‌ത്തമാടുമ്പൊഴും
നാണമില്ലാതെ പിന്നെയും പിന്നെയും
ജീവിതത്തെപ്പുണര്‍ന്നുറങ്ങുന്നു ഞാന്‍
നിന്‍ ചേതസിന്‍ കണ്ണാടിയാം മിഴി-
ച്ചില്ലില്‍ നോക്കിത്തപസ്സുചെയ്യുന്നു ഞാന്‍

നിന്‍ കിനാവിന്റെ നീലിച്ചരാത്രിയില്‍
വെണ്ണിലാവായലിഞ്ഞു ചേര്‍ന്നീടുവാന്‍
നിന്റെയുള്ളില്‍ ഘനീഭവിച്ചോര്‍മ്മതന്‍
കണ്ണുനീരായ്‌ക്കൊഴിഞ്ഞുവീണീടുവാന്‍
വ്യര്‍ഥമാമെന്‍ പകല്‍ക്കിനാപ്പക്ഷികള്‍
സത്യമോര്‍ക്കാതെ കൂടൊരുക്കുന്നുവോ

വിസ്‌മൃതിക്കുമേല്‍ വീണ്ടുമെന്‍ വാക്കുകള്‍
നഷ്ടബോധമാം മാറാല നെയ്‌തുവോ
ആദ്യനക്ഷത്രമെന്തിനോ പിന്നെയും
ജാലകത്തിലൂടെത്തിനോക്കുന്നു; നാം
മൂകമീ രാത്രികൂടി സത്രത്തിലെ
മൂഢശയ്യയില്‍ വിശ്രമിക്കേണ്ടവര്‍

Related Posts

ചിത - കടമ്മനിട്ട രാമകൃ‌ഷ്ണന്‍
ബാലശാപങ്ങള്‍- മധുസൂദനന്‍ നായര്‍
കാടെവിടെ മക്കളേ - അയ്യപ്പപ്പണിക്കര്‍
ഒരുനാളിരവില്‍ - അയ്യപ്പപണിക്കര്‍
പക്ഷികളൊക്കെ പലവഴിവന്നൊരു - എഴുത്തച്ചന്‍
© 2019 - 2024 · Home · Theme Simpleness Powered by Hugo ·