പലവക - 3
കരുതുവതിഹ ചെയ്യവയ്യ ചെയ്യാൻ
വരുതി ലഭിച്ചതിൽ നിന്നിടാ വിചാരം
പരമഹിതമറിഞ്ഞുകൂട, യായു
സ്ഥിരതയുമില്ലതിനിന്ദ്യമീ നരത്വം
(എഴുത്തച്ചൻ)
സ്നേഹമെന്താണെന്നറിഞ്ഞിരുന്നില്ല ഞാൻ
ഓമനേ നീ മുന്നിലെത്തുവോളം
സ്നേഹിക്കുവാനായ് പഠിപ്പിച്ചു നീ നിന്റെ
സാഹചര്യത്താൽ പിശാചിനേയും
(ചങ്ങമ്പുഴ)
അറിഞ്ഞതിൽ പാതി പറയാതെ പോയി
പറഞ്ഞതിൽ പാതി പതിരായും പോയി
പകുതി ഹൃത്തിനാൽ പൊറുക്കുമ്പോൾ നീ
പകുതി ഹൃത്തിനാൽ വെറുത്തുകൊള്ളുക
ഇതെന്റെ രക്തമാണിതെന്റെ മാംസമാ-
ണെടുത്തുകൊള്ളുക
(ബാലചന്ദ്രൻ ചുള്ളിക്കാട്)
പാഥസാം നിചയം വാർന്നൊഴിഞ്ഞളവു-
സേതുബന്‌ധനോദ്യോഗമെന്തെടോ?
(ഉണ്ണായി വാര്യർ )
തന്നതില്ല പരനുള്ളു കാട്ടുവാ-
നൊന്നുമേ നരനുപായമീശ്വരൻ
ഇന്നു ഭാഷയിതപൂർണമിങ്ങഹോ
വന്നുപോം പിഴയുമർത്ഥശങ്കയാൽ
(നളിനി, കുമാരനാശാൻ)
അന്ധകാരത്തിൽ പരസ്പരം കൊല്ലുന്ന
ബന്ധങ്ങൾ തൻ മഹാഭ്രാന്താലയങ്ങളിൽ
കുന്തിരിക്കപ്പുക ഭ്രൂണബലിയുടെ
ഗന്ധം മറയ്ക്കും വിഹാരംഗളിൽ
എങ്ങൂമൊടുങ്ങാത്ത ജീവിതാസക്തികൾ
തൂങ്ങിമരിച്ച വഴിയമ്പലങ്ങളിൽ
കാരമുള്ളിന്റെ കിരീടവും ചൂടി നാം
തേടി നടന്നതു സൗഖ്യമോ മൃത്യുവോ?.
(ബാലചന്ദ്രൻ ചുള്ളിക്കാട് )
നമ്മുടെ പ്രണയം പിറന്നതു
ചുമരുകൾക്കു പുറത്തായിരുന്നു,
ഇരുട്ടത്തും കാറ്റത്തുമായിരുന്നു,
വെറും മണ്ണിലായിരുന്നു,
അതുകൊണ്ടല്ലേ,
വേരിനും പൂവിനും ചേറിനും
നിന്റെ പേരറിയാമെന്നായതും!
(നെരൂദ)
തല ഉയർത്താൻ വയ്യാതെ
നിന്റെ മുഖം കൈകളിലൊതുക്കി
ചുംബിക്കാനാവാതെ
ഞാനിരുന്നു
(?)
നാം കൈനീട്ടുമ്പോള്‍
സ്നേഹപൂര്‍വ്വം ഒരു കൈ നീണ്ടുവന്നില്ലെങ്കില്‍
നമ്മളും പ്രതിമകളായിപ്പോകുന്നില്ലേ?
(?)