|    Tags: malayalam  

പലവക

തമ്മിൽ കണ്ടില്ലെങ്കിലും,
ഈ വഴിയിലെവിടെയെങ്കിലും നമ്മൾ ഇരുവരും
നടക്കുന്നുണ്ടെന്ന് അറിയുന്നതുതന്നെ ഒരു ആശ്വാസമാണ് !!!
(ആനന്ദ് )

ഭൂമിക്കടിയില്‍ വേരുകള്‍ കൊണ്ട്
കെട്ടിപ്പിടിക്കുന്നു
ഇലകള്‍ തമ്മില്‍ തൊടുമെന്ന് പേടിച്ച്
നാം അകറ്റി നട്ട മരങ്ങള്‍
(വീരാന്‍കുട്ടി)

നീല ലിറ്റ്മസിനപ്പുറം കത്തുന്ന
തീ നാളമാരുടെ മനസ്സാണ്
ഉര്‍വ്വരമായ മണ്ണില്‍ വിതയ്ക്കുന്ന
കണ്ണുകളെല്ലാമാരുടേതാണ്.?
(അയ്യപ്പന്‍)

ഒന്നും  പറഞ്ഞില്ലിതേവരെ  നീ
ഇതാ നമ്മെ കടന്നുപോകുന്നു
മഴകളും മഞ്ഞും  വെയിലും
വിഷാദവര്‍ഷങ്ങളും 
ഒന്നും  പറഞ്ഞില്ലിതേവരെ  നീ
ഇതാ  എന്‍റെ  കണ്ണടയാറായ്
നിലാവസ്തമിക്കാറായ്
(ബാലചന്ദ്രന്‍ ചുള്ളിക്കാട്)

ഒരു വിലപ്പെട്ട ജന്മം മുഴുവനും
വെറുമൊരു വാക്കിനക്കരെയിക്കരെ
കടവു തോണി കിട്ടാതെ നില്‍ക്കുന്നവര്‍
(ബാലചന്ദ്രന്‍ ചുള്ളിക്കാട്)

ആകാശമെല്ലാം നരക്കുന്നതിന്‍ മുന്‍പ്
ജീവനില്‍ നിന്നും ഇല കൊഴിയും മുന്‍പ്‌
പോകൂ; മരണം തണുത്ത ചുണ്ടാലെന്റെ
പ്രാണനെച്ചുംബിച്ചെടുക്കുന്നതിന്‍ മുന്‍പ്‌
ഹേമന്തമെത്തി മനസ്സില്‍ ശവക്കച്ച
മൂടുന്നതിന്‍ മുന്‍പ്,
അന്ധ സഞ്ചാരി തന്‍ ഗാനം നിലക്കുന്നതിന്‍ മുന്‍പ്‌
സമുദ്രം ഒരായിരം നാവിനാല്‍
ദൂരാല്‍ വിളിക്കുന്നു നിന്നെ
(ബാലചന്ദ്രന്‍ ചുള്ളിക്കാട്)

ചില നിമിഷത്തിലേകാകിയാം പ്രാണന്‍
അലയുമാര്‍ത്തനായ് ഭൂതായനങ്ങളില്‍
ഇരുളിലപ്പോഴുദിക്കുന്നു നിന്‍ മുഖം
കരുണമാം ജനനാന്തര സാന്ത്വനം.
നിറമിഴിനീരില്‍ മുങ്ങും തുളസിതന്‍
കതിരുപോലുടന്‍ ശുദ്ധനാകുന്നു ഞാന്‍
അരുതു ചൊല്ലുവാന്‍ നന്ദി; കരച്ചിലിന്‍
അഴിമുഖം നമ്മള്‍ കാണാതിരിക്കുക
സമയമാകുന്നു പോകുവാന്‍ രാത്രിതന്‍
നിഴലുകള്‍ നമ്മള്‍ പണ്ടേ പിരിഞ്ഞവര്‍.
(ബാലചന്ദ്രന്‍ ചുള്ളിക്കാട്)

വിത്തുകൾ
പോട്ടിമുളയ്ക്കേണ്ട മണ്ണിലെ
കലപ്പക്കീറിൽ
കണ്ണുനീർ വറ്റുന്നു
വേഴാമ്പലിനൊരുതുള്ളി
വെള്ളവും കിട്ടിയില്ല
മഴകൊണ്ട്‌ നനയുന്ന
മണ്‍ഭിത്തികളിടിയുന്നു.
(ചിത്തരോഗാശുപത്രിയിലെ ദിനങ്ങൾ - എ.അയ്യപ്പൻ)

ഹൃദിസ്തമാം കാലൊച്ച കാതോര്‍ത്തു കൊണ്ട്
ഏകാന്തതയിലേക്ക് ലോകത്തെ വിവര്‍ത്തനം ചെയ്തു കൊണ്ട്
ഇലയും അത്താഴവും നേര്‍ത്ത കണ്‍വിളക്കുമായ്‌
അകലെ കുടുംബിനി കാത്തിരിക്കയാണ് എന്നെ.
(ഗസല്‍ - ബാലചന്ദ്രന്‍ ചുള്ളിക്കാട്)

കണ്‍ വിളക്കുമായി നീ കാത്തിരിക്കുമെങ്കില്‍
നിന്നിലേയ്ക്ക് എത്തുവാന്‍ എനിയ്കെന്തിനീ മണ്‍ചിരാത്
(അയ്യപ്പന്‍)

ക്ഷമ പറയുവാന്‍ വീര്‍പ്പുമുട്ടും
പരസ്പര സമുദ്രങ്ങള്‍ നെഞ്ചിലടക്കി നാം
ഒരു ശരത്കാല സായന്തനത്തിന്റെ
കരയില്‍ നിന്നും പിരിഞ്ഞ് പോകുമ്പോഴും
വെയില്‍ പുരണ്ടതാം നിന്‍ വിരല്‍കൂമ്പിന്റെ മൃദുല കമ്പന-
മെന്‍ കൈഞരമ്പുകള്‍ക്ക്അറിയുവാന്‍ കഴിഞ്ഞിട്ടില്ല
(രചന - ?)

മണലില്‍ ഞാനെന്‍ മുരടന്‍ വിരലുകൊണ്ടെഴുതി വായിച്ച
നിന്റെ നാമാക്ഷരം കടലെടുത്തതും കണ്ണീരഴിഞ്ഞതും
(രചന - ?)

ഒരു പക്ഷെ ഒരു കരയണവോളം
അതെല്ലെങ്കില്‍ കൈകള്‍ തളര്‍ന്ന് താവോളം
തുഴയുക പെണ്ണേ തുഴയുക
കാലപരിണതിയോളം തുഴയുകയില്ല നാം
(രചന - ?)

ഒരു നാളും നോക്കാതെ മാറ്റി വച്ച
പ്രണയത്തിന്‍ പുസ്തകം നീ തുറക്കും
അതിലന്നു നീയെന്റെ പേര് കാണും
അതിലെന്റെ ജീവന്റെ നേര് കാണും..
പരകൊടിയെത്തിയെന്‍ യക്ഷ ജന്മം
പരമാണു ഭേദിക്കുമാ നിമിഷം.
ഉദിതാന്തര ബാഷ്പ പൌര്‍ണമിയില്‍
പരിദീപ്തമാകുംനിന്‍ അന്ത രംഗം
ക്ഷണികെ ജഗല്‍ സ്വപ്ന മുക്തയാം നിന്‍
ഗതിയിലെന്‍ താരം തിളച്ചൊലിക്കും..
(രചന - ?)

പറയുവാനുണ്ട്, പൊന്‍ചെമ്പകം പൂത്ത
കരളു പണ്ടേ കരിഞ്ഞുപോയെങ്കിലും
കറ പിടിച്ചോരെന്‍ ചുണ്ടില്‍തുളുമ്പുവാന്‍
കവിത പോലും വരണ്ടു പോയെങ്കിലും
ചിറകു നീര്‍ത്തുവാനാവാതെ തൊണ്ടയില്‍
നിറയുകയാണോരേകാന്ത രോദനം
സ്മരണതന്‍ ദൂരസാഗരം തേടിയെന്‍
ഹൃദയരേഖകള്‍ നീളുന്നു പിന്നെയും!
(ബാലചന്ദ്രന്‍ ചുള്ളിക്കാട്)

Related Posts

എന്റെ ശവപ്പെട്ടി ചുമക്കുന്നവരോട് - അയ്യ‌പ്പ‌ന്‍
സത്രത്തിലെ അവസാന രാത്രി - ശാന്തി ജയറാം
ചിത - കടമ്മനിട്ട രാമകൃ‌ഷ്ണന്‍
ബാലശാപങ്ങള്‍- മധുസൂദനന്‍ നായര്‍
കാടെവിടെ മക്കളേ - അയ്യപ്പപ്പണിക്കര്‍
© 2019 - 2024 · Home · Theme Simpleness Powered by Hugo ·