|    Tags: malayalam  

ഓര്‍മ്മ - ഡി വിനയചന്ദ്രന്‍

ഈ വഴിയേ പലരും പോയിട്ടുണ്ടെങ്കിലും
വഴിയില്‍ കുഴഞ്ഞു വീണു മരിച്ച ഒരാളെ മാത്രമേ
നാട്ടുകാര്‍ ഓര്‍ക്കുന്നുള്ളൂ.

അയാളുടെ സഞ്ചിയില്‍ കുന്നിമണികളും
മഞ്ചാടിക്കുരുക്കളും ഉണ്ടായിരുന്നു
ഒരമ്മയുടെയും കുട്ടിയുടെയും പടമുണ്ടായിരുന്നതു കൊണ്ട്
അമ്മമാര്‍ അയാളെ ഓര്‍ക്കുന്നുണ്ട്.

കുഴിച്ചിടുമ്പോള്‍ ഒരു കീറു വെളിച്ചം
മായാതെ ദേഹത്തു തങ്ങി നിന്നതിനാല്‍
മണ്‍‌വെട്ടിയും തൊഴിലാളികളും അയാളെ മറന്നിട്ടില്ല.

സഞ്ചിയിലുണ്ടായിരുന്ന വിത്തുകള്‍
വളര്‍ന്നു പൂവും കായുമായതിനാല്‍
മണ്ണും മരവും തേനും ആകാശവും
അയാളെ ഓര്‍ത്തുകൊണ്ടിരിക്കും.

കിനാവു കാണാത്ത ദിനങ്ങളില്‍
ആളുകള്‍ ചോദിച്ചുകൊണ്ടിരിക്കും
എന്തിനായിരുന്നു ആ കുന്നിമണികള്‍?
ഈ വഴിയേ പലരും പോയെങ്കിലും
ഒരാളെ മാത്രമേ എല്ലാവരും ഓര്‍ക്കുന്നുള്ളൂ.

Related Posts

പലവക
എന്റെ ശവപ്പെട്ടി ചുമക്കുന്നവരോട് - അയ്യ‌പ്പ‌ന്‍
സത്രത്തിലെ അവസാന രാത്രി - ശാന്തി ജയറാം
ചിത - കടമ്മനിട്ട രാമകൃ‌ഷ്ണന്‍
ബാലശാപങ്ങള്‍- മധുസൂദനന്‍ നായര്‍
© 2019 - 2024 · Home · Theme Simpleness Powered by Hugo ·