ഞാനിവിടെയാണ് - കടമ്മനിട്ട രാമകൃഷ്ണന്‍
ഞാനിവിടെയുണ്ട്
ഈ സാഗരത്തിന്റെ രൗദ്രഗാനങ്ങളില്‍
ഈ സാഗരത്തിന്റെ ശ്യാമഗര്‍ഭങ്ങളില്‍
നീരവം നീര്‍ത്തുള്ളിയോര്‍ക്കുന്ന ചിപ്പിതന്‍
രാഗവിവശമാമുള്‍ത്തുടിപ്പില്‍
ഏതോ മരതകദ്വീപിന്റെ നെഞ്ചിടി-
പ്പൂറിയൊഴുക്കിട്ടയുഷ്ണവേഗങ്ങളില്‍
ആശ്ചര്യശക്തി പ്രവാഹചുഴികളില്‍
അന്തര്‍ഗതങ്ങളുറഞ്ഞ ഹിമാനിയില്‍
ആശപൂണ്ടാശ്വാസമറ്റത്തിരകളില്‍
ആടിയുയര്‍ന്നു തളര്‍ന്നു പിന്‍വാങ്ങിയും
ആവേശമോടു കുതിച്ചുകിതച്ചഗ്നി-
മോഹങ്ങളായി, നീരാവിയായ്, നീറ്റലായ്
അല്ലല്ല, ഞാനീ കറുത്ത കയങ്ങളില്‍
കാലമെറിഞ്ഞ കുടത്തിലെ ഭൂതമായ്
കാത്തിരിപ്‌പൂ ബന്ധനമുക്തിക്കു ദാഹമായ്.
ഞാനിവിടെയുണ്ട്,
ഈ കാനനത്തിന്റെ മേഘസ്വപ്നങ്ങളില്‍
മേയും മൃഗങ്ങള്‍തന്‍ നിര്‍വ്യാജനേത്രങ്ങള്‍
പേറുന്ന സംഭ്രമശോകഭയങ്ങളില്‍
കറ്റക്കിടാവിന്‍ കുളമ്പൊലിക്കായ്, കാതു-
വട്ടംപിടിക്കും ഹരിണിമാര്‍ഗങ്ങളില്‍
ആഴത്തില്‍നിന്നുയര്‍ന്നാകാശനീലയില്‍
ശാഖകള്‍ നീട്ടിയുഴറും മരത്തിന്‍
ഹരിതദു:ഖങ്ങളില്‍
ഞെട്ടറ്റു ഭൂമിയില്‍ വീണ പഴത്തിന്റെ
പൊട്ടിച്ചിതറിയ ശോണസ്മരണയില്‍
മാനത്തുകണ്ണികള്‍ മല്ലടിക്കെ, മുകര്‍ന്നൂറി-
ച്ചിരിക്കുമുദാര സരിത്തിന്‍ ഹൃദയഭാവങ്ങളില്‍
അല്ലല്ല, ഞാനീക്കറുത്ത വനത്തില്‍
വിറയ്‌ക്കുന്ന പുല്ലകള്‍ വായ്‌മൂടി നില്ക്കും ഗുഹയിലെ
പുള്ളിപ്പുലിയുടെ പല്ലിന്നു താളമായ്, താംബൂലമായ്
താടിയെല്ലിന്‍ ചലനമായ് തീരുന്നു നിത്യനായ്
ഞാനിവിടെയുണ്ട്,
ഈ വ്യോമസംഗീത നാദഭേദങ്ങളില്‍
ഈ വര്‍ണസംയോഗസഞ്ചലനങ്ങളില്‍
ചക്രവാതങ്ങളില്‍, ശക്തിരൂപങ്ങളില്‍
ചക്രവാളങ്ങള്‍ക്കുമപ്പുറത്തപ്പുറത്തഗ്നിഗോളങ്ങളില്‍
ഗോളസംഘാത സംശ്ലേഷണങ്ങളില്‍
അല്ലല്ല ഞാനീക്കറുത്ത നഭസ്സില്‍
പകലിന്റെ കണ്ണുനീരായ്, ച്ചുടുഗദ്‌ഗദധാരയായ്
ധാര മുറിഞ്ഞുപിടയുന്ന ബിന്ദുവായ്
ഏരകപ്പുല്ലിന്റെ കണ്ണില്‍ ഞൊടിയിടനേരം
പ്രകാശമായ് മാറുന്നു നിത്യനായ്
അല്ലല്ല തോഴരേ,
ഞാനിവിടെയാണ്!!
ഈ വെറും മര്‍ത്ത്യന്റെ വൃത്തഭംഗങ്ങളില്‍
ഇക്കൊടും നോവിന്‍ കരാളസംഗങ്ങളില്‍
തീക്ഷ്ണമാം ചൂടില്‍ വിയര്‍ക്കുമപ്പത്തിന്റെയോര്‍മയില്‍
എച്ചിക്കുഴികളിലേങ്ങുന്ന മാനവശപ്തമുഖങ്ങളില്‍
പൊട്ടക്കരിന്തിരിവെട്ടം പുകയുന്ന പുല്ലുമാടങ്ങളില്‍
ഭൂമിയെ കെട്ടിപ്പുണര്‍ന്നു കരയുമീ
ഭൂസൂതര്‍ വാടിക്കൊഴിയുമിടങ്ങളില്‍
പല്ലു ഞെറുമ്മുവാന്‍പോലും മറക്കുന്ന
മൗനദൈന്യങ്ങളില്‍,
ഈ തെരുവീഥിയില്‍,
എല്ലാക്കടയിലുമെല്ലാ വിളക്കുമണയുവാന്‍
കാത്തുകൊണ്ടേതെങ്കിലും കടത്തിണ്ണയില്‍
തന്‍തൊലി മാത്രമുരിഞ്ഞു പുതച്ചൊന്നുറങ്ങുവാന്‍
ദു:സ്വപ്നമെങ്കിലും കണ്ടൊന്നു ഞെട്ടുവാന്‍
ഞെട്ടിയുണരുമ്പോഴേക്കും പുതിയൊരു
വെട്ടം വിടരുമെന്നാശിച്ചു നില്പൂ ഞാന്‍
കടമ്മനിട്ട രാമകൃഷ്ണന്‍