കഴിയുമീ രാവെനിക്കേറ്റവും - പാബ്ലോ നെരൂദ
കഴിയുമീ രാവെനിക്കേറ്റവും ദുഃഖ-
ഭരിതമായ വരികളെഴുതുവാൻ
ശിഥിലമായ് രാത്രി, നീലനക്ഷത്രങ്ങ-
ളകലെയായ് വിറകൊള്ളുന്നു ഇങ്ങനെ
ഗഗനവീഥിയിൽ ചുറ്റിക്കറങ്ങുന്ന
വിരഹിയാം നിശാമാരുതൻ പാടുന്നു
കഴിയുമീ രാത്രിയേറ്റവും വേദനാ
ഭരിതമായ പദങ്ങൾ പാടുവാൻ
അവളെ ഞാൻ പണ്ടു പ്രണയിച്ചിരു,ന്നെന്നെ
യവളുമെപ്പൊഴോ പ്രണയിച്ചിരുന്നിടാം
ഇതു കണക്കെത്ര രാത്രികൾ നീളെ ഞാ-
നവളെ വാരിയെടുത്തിതെൻ കൈകളിൽ
അതിരെഴാത്ത ഗഗനത്തിനു കീഴിൽ
അവളെ ഞാനുമ്മവെച്ചു തെരുതെരേ
മതിമറന്നെന്നെ സ്നേഹിച്ചിരുന്നവൾ
അവളെയും ഞാൻ പലപ്പൊഴും സ്നേഹിച്ചþു
പ്രണയനിർഭരം നിശ്ചലദീപ്തമാ
മിഴികളെയാരു മോഹിച്ചുപോയിടാ?
കഴിയുമീ രാവിലേറ്റവും സങ്കട-
ഭരിതമായ വരികൾ കുറിക്കുവാൻ
കഴിയുമെന്നേക്കുമായവൾ പോയെന്നും
ഇനിയവളെന്റെയല്ലെന്നുമോർക്കുവാൻ
നിശവിശാലം അവളുടെ വേർപാടി-
ലതിവിശാലമാകുന്നതു കേൾക്കുവാൻ
ഹിമകണങ്ങൾ പുൽത്തട്ടിലെന്നപോൽ
കവിതയാത്മാവിലിറ്റിറ്റു വീഴുന്നു
അതിവിദൂരത്തിലേതൊരാൾ പാടുന്നു
ഹൃദയം തേങ്ങുന്നു
അരികിലേക്കൊന്നണയുവാനെന്നപോൽ
അവളെയെൻ കാഴ്ച്ച തേടുന്നു പിന്നെയും
അരികിലില്ലവളെങ്കിലുമെൻ മനം
അവളെയിപ്പോഴും തേടുന്നു; അന്നത്തെ
നിശയുമാ വെണ്ണിലാവിൽ തിളങ്ങുന്ന
മരുനിരകളും മാറിയില്ലെങ്കിലും
ഇനിയൊരിക്കലും നമ്മളന്നത്തെയാ
പ്രണയിതാക്കളല്ലത്രമേൽ മാറി നാം1
ഇനിയൊരിക്കലും സ്നേഹിക്കയില്ല ഞാ-
നവളെയെന്നതു നിശ്ചയം, എങ്കിലു-
മവളെയത്രമേൽ സ്നേഹിച്ചിരുന്നു ഞാൻ
ഒടുവിലന്യന്റെ അന്യന്റെയാമവൾ
അവളെ ഞാൻ സ്നേഹിച്ചപോൽ മറ്റൊരാൾ
അവളുടെ നാദം
സൗവർണ ദീപ്തംതമാ മൃദുലമേനി
അനന്തമാം കണ്ണുകൾ
ഇനിയൊരിക്കലും സ്നേഹിക്കയില്ല ഞാ-
നവളെ-എങ്കിലും സ്നേഹിച്ചുപോയിടാം
പ്രണയമെത്രമേൽ ഹൃസ്വം, വിസ്മൃതി
യതിലുമെത്രയോ ദീർഘം, ഇതുപോലെ
പല നിശകളിലുമെന്റെയീ കൈകളി-
ലവളെ വാരിയെടുക്കയാലാകണം
ഹൃദയമിത്രമേലാകുലമാകുന്ന-
തവളെയെന്നേക്കുമായി പിരിഞ്ഞതിൽ
അവൾ സഹിപ്പിച്ച ദുഃഖശതങ്ങളിൽ
ഒടുവിലത്തെ? സഹനമിതെങ്കിലും
ഇതുവരെ അവൾക്കായി കുറിച്ചതിൽ
ഒടുവിലത്തെക്കവിതയിതെങ്കിലും
(പരിഭാഷ: ബാലചന്ദ്രന്‍ ചുള്ളിക്കാട്)