| Tags:
malayalam
കാക്ക കുളിച്ചാൽ കൊക്കാകുമോ - സച്ചിദാനന്ദൻ
കാക്കയ്ക്കു കൊക്കാകണ്ടെങ്കിലോ?
കൊക്കിന്റെ നാണംകെട്ട ഉയരവും
കണ്ണടച്ചുള്ള ധ്യാനവും, മടിയൻ പറക്കലും
തൊണ്ടയിലെ മുള്ളും, കുറുക്കന്റെ വിരുന്നും
ആമയെയുമേന്തി ആകാശം കടക്കലും
കാക്കയ്ക്കു വേണ്ടെങ്കിലോ?
കാക്ക കുളിക്കുന്നതു കൊക്കാകാനല്ല,
സ്വന്തം കറുപ്പ് ഒന്നുകൂടി തിളങ്ങാനാണെങ്കിലോ?
അല്ലാ, കൊക്കു കുളിച്ചാൽ കാക്കയാകുമോ?
കാക്കയുടെ ചക്കക്കറുപ്പും,
കല്ലിട്ടു വെള്ളം കുടിക്കുന്ന ബുദ്ധിയും
പ്രവചനശക്തിയും, പിതൃക്കളുടെ ആത്മാവുമേറ്റി,
മനുഷ്യർക്കു പിടികൊടുക്കാത്ത പറക്കലും
ആപത്തുകാലത്തെ ഒരുമയും
മണ്ടൻ കൊക്കിനു സ്വപ്നം കാണാനാവുമോ?