Category:
poem-malayalam
| Tags:
malayalam
ചോര തുടിക്കും ചെറുകയ്യുകളേ - വൈലോപ്പിള്ളി
ഏറിയ തലമുറയേന്തിയ പാരിൻ വാരൊളി മംഗള കന്ദങ്ങൾ
പണ്ടു പിതാമഹർ കാട്ടിൻ നടുവിൽ ചിന്തകളുരസിടുമക്കാലം
വന്നു പിറന്നിതു ചെന്നിണമോലും വാളു കണക്കൊരു തീനാളം
സഞ്ചിതമാകുമിരുട്ടുകളെല്ലാം സംഭ്രമമാർന്നോരന്നേരം
മാനവർ കണ്ടാരഗ്നിസ്മിതമതിൽ മന്നിലെ വിണ്ണിൻ വാഗ്ദാനം
ആയിരമായിരമാത്തീ ചുംബിച്ചാളി വിടർന്നൊരു പന്തങ്ങൾ
പാണിയിലേന്തി പാടിപ്പാടിപ്പാരിലെ യുവജന വൃന്ദങ്ങൾ
കാലപ്പെരുവഴിയൂടെ പോന്നിതു കാണെക്കാണെ കമനീയം
കാടും പടലും വെണ്ണീറാക്കി കനകക്കതിരിനു വളമേകി
കഠിന മിരുമ്പു കുഴമ്പാക്കിപ്പല കരുനിര വാർത്തു പണിക്കേകി
അറിവിൻ തിരികൾ കൊളുത്തിക്കലകൾക്കാവേശത്തിൻ ചൂടേകി
മാലോടിഴയും മർത്ത്യാത്മാവിനു മേലോട്ടുയരാൻ ചിറകുതകി
പാരിൽ മനുഷ്യ പുരോഗമനക്കൊടി പാറിച്ചവയീ പന്തങ്ങൾ
മെത്തിടു മിരുളിലിതിലെത്ര ചമച്ചു പുത്തൻ പുലരിച്ചന്തങ്ങൾ
ധൃഷ്ടത കൂടുമധർമ്മ ശതത്തിൻ പട്ടട തീർത്തു പന്തങ്ങൾ
പാവനമംഗളഭാവി പഥത്തിൽ പട്ടു വിരിച്ചു പന്തങ്ങൾ
മർത്ത്യ ചരിത്രം മിന്നലിലെഴുതീയിത്തുടു നാരാചന്തങ്ങൾ
പോയ്മറവാർന്നവർ ഞങ്ങൾക്കേകി കൈമുതലായീപ്പന്തങ്ങൾ
ഹൃദയനിണത്താൽ തൈലം നൽകി പ്രാണമരുത്താൽ തെളിവേകി
മാനികൾ ഞങ്ങളെടുത്തു നടന്നു വാനിനെ മുകരും പന്തങ്ങൾ
ഉച്ചലമാക്കീയൂഴിയെ, ഞങ്ങടെയുജ്ജ്വല ഹൃദയസ്പന്ദങ്ങൾ
അടിമച്ചങ്ങല നീറ്റിയുടപ്പാൻ അഭിനവ ലോകം നിർമ്മിപ്പാൻ
ആശയ്ക്കൊത്തു തുണച്ചു ഞങ്ങളെ ആളിക്കത്തും പന്തങ്ങൾ
കൂരിരുളിൻ വിരിമാറു പിളർത്തീച്ചോരകുടിയ്ക്കും ദന്തങ്ങൾ
വാങ്ങുകയായി ഞങ്ങൾ, കരുത്തൊടു വാങ്ങുക വന്നീപ്പന്തങ്ങൾ
എരിയും ചൂട്ടുകളേന്തിത്താരകൾ വരിയായ് മുകളിൽ പോകുമ്പോൾ
ചോര തുടിയ്ക്കും ചെറുകയ്യുകളേ പേറുക വന്നീപ്പന്തങ്ങൾ
എണ്ണീടാത്തൊരു പുരുഷായുസ്സുകൾ വെണ്ണീറാകാം പുകയാകാം
പൊലിമയൊടെന്നും പൊങ്ങുക പുത്തൻ തലമുറയേന്തും പന്തങ്ങൾ
കത്തിന വിരലാൽ ചൂണ്ടുന്നുണ്ടവ മർത്ത്യ പുരോഗതി മാർഗ്ഗങ്ങൾ
ഗൂഢതടത്തിൽ മൃഗീയത മരുവും കാടുകളുണ്ടവ, കരിയട്ടെ
വാരുറ്റോരു നവീനയുഗത്തിൻ വാകത്തോപ്പുകൾ വിരിയട്ടെ
അസ്മദനശ്വര പൈതൃകമാമീയഗ്നി വീടർത്തും സ്ക്കന്ദങ്ങൾ
ആകെയുടച്ചീടട്ടേ മന്നിലെ നാകപുരത്തിൻ ബന്ധങ്ങൾ
ചോര തുടിയ്ക്കും ചെറുകയ്യുകളേ പേറുക വന്നീപ്പന്തങ്ങൾ