| Tags:
malayalam
ചിത - കടമ്മനിട്ട രാമകൃഷ്ണന്‍
ചാരിയിരിക്കുന്നേന്‍
ഒരു ബീഡി കൊളുത്തി വലിക്കുന്നേന്‍
കറകള്‍ ചുവയ്‌ക്കും പുകയുടെ ചുരുളുകള്‍
ഊതി രസിക്കുന്നേന്‍
വലയം തീര്‍ക്കും പുകയുടെ ചാരനിറത്തിന്‍
വക്കിലലിഞ്ഞു ലയിക്കാന്‍ വ്യാമോഹിക്കുന്നേന്‍
അമ്പിളി നീറി മരിച്ചു ദഹിച്ചോരബരമാകെ
അസ്ഥികളൂര്‍ന്നു കിടപ്പതു കണ്ടസ്വസ്ഥതയാര്‍ത്തന്നാള്‍
ചൂടിന്‍ ചിറകുകളില്‍ ചെറുകരിമുകിലായ്
ചുറ്റിയലഞ്ഞന്നാള്‍
തിരകള്‍ തെറകള്‍ നിവര്‍ക്കും കടലിന്‍
കരയിലടിഞ്ഞു മുടിഞ്ഞൊരു നൂറ്റണ്ടുകളില്‍
പരവശമായി ഉണര്‍ന്നുകിടന്നനാള്‍
കണ്ണില്‍ കുത്തിയ കൈവിരലുകള്‍
ഉള്ളിലുടക്കിയ വാരിയെല്ലുകള്‍
ഊരിയെടുക്കെ
എന്നിലുറങ്ങിയ മോഹശതങ്ങള്‍ മരിച്ചേപോയ്
ഞാന്‍ വേദനകൊണ്ടു ചിരിച്ചേപോയ്
ചേതന കൂട്ടിയ ചിതയില്‍
ചോരയിനാല്‍ നെയ് കോരിയ ചിതയില്‍
മോഹശതങ്ങള്‍ ദഹിക്കും ചിതയില്‍
ചാരിയിരിക്കുന്നേന്‍
ഒരു ബീഡി വലിച്ചു രസിക്കുന്നേന്‍